Saturday, 10 April 2021

വേർപാടും ഓർമ്മപ്പെടുത്തലുകളും

 ഒരു വിഷു പുലരി കൂടി വരവായിരിക്കുന്നു. എൻ്റെ അച്ഛമ്മയുടെ മുഖം അവസാനമായി കണ്ടത് കഴിഞ്ഞ വിഷുവിന് ആണ്. ജീവിതത്തിലെ പ്രിയപ്പെട്ട ഓർമ്മകൾ എല്ലാം വിഷുവുമായി ബന്ധപ്പെട്ടതായിരുന്നെങ്കിലും, കഴിഞ്ഞ വിഷുവിനു ശേഷം ഓർമകൾക്ക് എല്ലാം വല്ലാത്ത ഭാരം നിറഞ്ഞിരിക്കുന്നു.

അച്ഛമ്മയുടെ വേർപാടിന്  ശേഷം ഏകദേശം ഒരു വർഷം തികയുമ്പോൾ ,  "കുഞ്ഞുകാര്യങ്ങളുടെ ഒടേതമ്പുരാനിൽ" വായിച്ചപോലെ ഈ പ്രപഞ്ചത്തിൽ അച്ഛമ്മയുടെ ആകൃതിയിലുള്ള ഒരു ശൂന്യം രൂപം പ്രാപിച്ചിട്ട്‌ ഒരു വർഷം ആവുന്നു. ആ ശൂന്യതയുടെ ആഴത്തിലേക്ക് അലിഞ്ഞില്ലാതാകാത്ത ഒരു  ദിവസം പോലും ഇല്ല.

 വേനൽ ചൂട് കാരണം "സഞ്ചാരമടിക്കുന്ന", "സോഡാ സർവത്ത്" വാങ്ങാൻ പറയുന്ന, "ചുറുമ്പൻ" മുടി ഇഷ്ട്ടമുള്ള, "എകരം" വെച്ച പേരക്കുട്ടികളുടെ ശിരസിൽ സ്നേഹത്തോടെ ചുംബിക്കുന്ന, വിളക്ക് കൊളുത്താൻ നേരത്ത് "ചേപ്ര" ആയി നടക്കുന്ന എന്നെ  ശകാരിക്കുന്ന, കുഞ്ഞു ഫോണിൽ പൈസ തീർന്നോ എന്ന്  നൂറു വട്ടം പരിശോധിപ്പിക്കുന്ന, "എൻ്റെ കുട്ടി" എന്നാണ് വരുക എന്ന വീണ്ടും വീണ്ടും ചോദിക്കുന്ന, "ഇത്തിരീം കൂടി കഴിക്കെടാ" എന്ന് പറഞ്ഞു വീണ്ടും വീണ്ടും ഭക്ഷണം തരുന്ന, എല്ലാവർക്കും  വേണ്ടി കുഞ്ഞു തോർത്തുകൾ സൂക്ഷിക്കുന്ന, ഒരു അലമാര മുഴുവൻ കാലത്തിൻ്റെ ഓർമ്മ കോപ്പുകൾ കരുതുന്ന, ആരും കാണാതെ നോട്ടുകൾ ചുരുട്ടി കയ്യിൽ വെച്ച് തരുന്ന, തുരുതുരെ സ്നേഹം നിറഞ്ഞ ഉമ്മകൾ തരുന്ന എൻ്റെ ജീവനായിരുന്ന  അച്ഛമ്മയുടെ മുഖം ഒരിക്കലും മറക്കാൻ കഴിയില്ല.

നീളൻ ചന്ദനകുറികളിലും , തിമിരം പളുങ്കു ഗോട്ടികളാക്കിയ പാതിയടഞ്ഞ നിഷ്കളങ്കമായ കണ്ണുകളിലും , കാച്ചിയ എണ്ണ ചൂടുവെള്ളത്തിൽ കലരുമ്പോൾ ഉള്ള ഗന്ധത്തിലും , നന്മ നിറഞ്ഞ ഗ്രാമ്യഭാഷയുടെ  സൂക്ഷ്മഭേദങ്ങളിലും ,  ആകസ്മികമായ കരുതലുകളിലും , സ്നേഹവാക്കുകളിലും , ഉദരത്തിലെ കുഞ്ഞു മറുകിലും , കണ്ണാടിയിൽ കാണുന്ന മുഖത്തിൻ്റെ  അസമത്വതയിലും, ഓർമകളുടെ അനന്തമായ മടങ്ങിവരുകളിലുമെല്ലാം ഞാൻ അച്ഛമ്മയുടെ ജീവചൈതന്ന്യം അനുഭവിക്കാറുണ്ട്. ആ സ്നേഹക്കടലിൽ അലിഞ്ഞില്ലാതായവരാണ് ഞാനും, എനിക്ക് പ്രിയപ്പെട്ടവരും. ജീവനുള്ളടത്തോളം കാലം ഹൃദയത്തിൽ ആ മുഖം ഉണ്ടാവും, അത്രകണ്ട് ആത്മാവിൻ്റെ ഒരംശമായി ഓർമവെച്ച കാലം തൊട്ട് കൂടെയുണ്ടായിരുന്നു വെളിച്ചമാണ് എൻ്റെ അച്ഛമ്മ.